2013, ഡിസംബർ 27, വെള്ളിയാഴ്‌ച

നൃത്തവും നര്‍ത്തകനും

നിശബ്ദമായ തേടിയലയലുകളില്‍ നിന്നും
നിന്‍റെ ഉടയാടകളുടെ നിറം നീ ശ്വസിച്ചു.

നിന്‍റെ ഉടല്‍ ദ്രവരൂപത്തിലും
കൈകാലുകള്‍ ഉലഞ്ഞാടുന്ന
ജലസസ്യങ്ങള്‍ പോലെയും ആണ്.

നീ അന്തരീക്ഷത്തെ ചെറുകഷണങ്ങളായി
പകുക്കുന്നു, മധുരപലഹാരമെന്ന പോലെ;
പിന്നെ അത് അലങ്കാരപ്പണിയുള്ള പാത്രത്തില്‍
വിളമ്പുന്നു, എന്‍റെ കണ്മുന്നില്‍.

ഞാന്‍ ഖരരൂപത്തില്‍ ബിംബങ്ങള്‍
സ്വീകരിക്കുന്നു, ഒന്നൊന്നായി.

ഒരു മയില്‍ വിസ്മയനൃത്തം തുടങ്ങുന്നതിനു
നിമിഷങ്ങള്‍ക്ക് മുന്‍പ് പീലികള്‍ ഒതുക്കുന്നു.

ഒരു കരടി വന്യചലനങ്ങളില്‍
സ്വയം നഷ്ടപ്പെടുന്നു.

ഒരു വ്യാളി നഷ്ടഭൂമികളുടെ
തീവ്രദുഃഖത്തിന്‍ കെട്ടുകളഴിച്ച്
ഉറഞ്ഞുതുള്ളുന്നു.

ഒരു ദൈവം അനശ്വരതയില്‍
കണ്ണുകളുറപ്പിക്കുന്നു.

ഒരു ചെകുത്താന്റെ ശരീരം
നിയന്ത്രണമില്ലാതെ ഉന്മാദത്തിലമരുന്നു.

ഒരു മനുഷ്യന്‍ പല ഉടയാടകള്‍ക്കുള്ളില്‍
വിയര്‍ത്തു കുളിക്കുന്നു.

ഒരു നിശ്വാസം നിന്റെ
മുഖംമൂടിക്കുള്ളില്‍ നിന്നും
പുറത്തുചാടുന്നു...

നീ സ്വന്തം കാലുകളില്‍ ഉറച്ചു നില്‍ക്കാനും
നൃത്തത്തില്‍ എന്നെ വിശ്വസിപ്പിക്കാനും
കിണഞ്ഞു പരിശ്രമിക്കുമ്പോള്‍.



'The Dancer and The Dance' (The River Muse Spring Poetry Contest 2013 winner) by Jose Varghese
Translated to Malayalam by the poet.


Link to the English version:  http://therivermuse.com/2013/06/14/jose-varghese/