2013, ഡിസംബർ 28, ശനിയാഴ്‌ച

സ്വപ്നവ്യാപാരി

സര്‍ഗ്ഗാത്മകത സത്യത്തില്‍ എന്താണ്? അതിന്മേല്‍ അതുപയോഗിക്കുന്നവര്‍ക്ക്  എന്തെങ്കിലും അവകാശമുണ്ടോ, അതോ നേരെ തിരിച്ചാണോ സംഗതി? ഇയാളുടെ കഥകള്‍, അല്ലെങ്കില്‍ സ്വപ്‌നങ്ങള്‍, ശരിക്കും ഈ ചോദ്യങ്ങളാണ് എന്നോട് ചോദിക്കുന്നത്. ഭ്രാന്തിനും സര്‍ഗാത്മകതയ്ക്കും ഇടയിലുള്ള നേരിയ അതിരിനെ ഭേദിച്ചിരിക്കുന്നു ഇയാള്‍. ജീവിതാനുഭവങ്ങള്‍ സാധാരണക്കാരേക്കാള്‍ ഒരു മാത്ര കൂടുതല്‍ ഹൃദയത്തില്‍ പേറുന്നതിന്‍റെ പരിണിതഫലം എന്ന് കരുതാം. ഇതിന് ഒരാളെ ഒരു മുഴുഭ്രാന്തനോ  അല്ലെങ്കില്‍ ഒരു കലാകാരനോ/എഴുത്തുകാരനോ ആക്കാനുള്ള കഴിവുണ്ട്.

*****
                                                        

സ്വപ്നങ്ങളുടെയുള്ളില്‍ നമുക്ക് ഒരു വഴികാട്ടിയുടെ ആവശ്യം തീരെയില്ല, നമ്മള്‍ അതൊരിക്കലും പ്രതീക്ഷിക്കുന്നില്ല. പക്ഷെ വിക്രമാദിത്യന്‍റെയും വേതാളത്തിന്‍റെയും കഥകളിലെപ്പോലെ അവന്‍ എന്‍റെ കഴുത്തില്‍ ഒരു ശ്വാസംമുട്ടലായി തൂങ്ങിക്കിടന്നു.

അവന്‍ എന്നെ സ്വപ്നങ്ങളിലൂടെ മാത്രമെ സന്ദര്‍ശിക്കാറുള്ളൂ. ഞാന്‍ എഴുതുന്ന പല തിരക്കഥകളുടെയും അടിസ്ഥാനഘടന അവന്‍ കാണിച്ചുതരും, പിന്നെ ചിലപ്പോള്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന പല കാര്യങ്ങളും.

പക്ഷെ ഇതൊന്നും എല്ലായ്പ്പോഴും അത്ര വിശ്വസ്തമായിരുന്നില്ല. അവന്‍ കാട്ടിത്തന്നതും നൂറു ശതമാനം പുതിയതാണെന്ന് ഞാന്‍ കരുതിയതുമായ പല ആശയങ്ങളും ആരൊക്കെയോ പശ്ചിമ യുറോപ്പിലും ഇറാനിലും, കൊറിയിലും, തുര്‍ക്കിയിലും, സ്വീ ഡെനിലും, പിന്നെ ഹോളിവുഡിലും ഒക്കെ പയറ്റിയാതാണെന്ന് ചില സിനിമാഭ്രാന്തന്മാരായ പീറച്ചെക്കന്മാര്‍ പറഞ്ഞു നടക്കുന്നുണ്ട്. അവരോടൊക്കെ സിനിമ കാണല്‍ നിര്‍ത്തി കൂടുതല്‍ സ്വപ്നങ്ങള്‍ കാണാന്‍ ഉപദേശിക്കണമെന്നുണ്ട്. പക്ഷെ ഇവന്മാരെയൊക്കെ ഉപദേശിച്ചിട്ടെന്തു കാര്യം? സദാസമയവും കമ്പ്യൂട്ടറില്‍ പരതി ചില വാലും തലയുമൊക്കെ പൊക്കി മറ്റുള്ളവര്‍ക്കെതിരെ വിളിച്ചുകൂവി ജീവിച്ചുപോട്ടെ ശല്യങ്ങള്‍. ഒരു ശരാശരി ഇന്ത്യന്‍ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ഉണ്ടയൊക്കെ എന്‍റെ തോക്കിലുള്ളിടത്തോളം കാലം, നിര്‍മ്മാതാക്കള്‍ എന്‍റെ പടിക്കല്‍ കാത്തുനില്‍ക്കുന്നിടത്തോളം കാലം, ദേശീയപത്രങ്ങള്‍ വെള്ളിയാഴ്ച തോറും സിനിമാപതിപ്പുകളില്‍ എന്‍റെ ചിത്രങ്ങളെ വാഴ്ത്തുന്നിടത്തോളം കാലം, ഞാന്‍ ഇതെപ്പറ്റിയൊന്നും വിഷമിക്കേണ്ടല്ലോ.

അത് പോട്ടെ, നമുക്ക് അവനിലേക്ക്‌ തിരിച്ചെത്താം. ചില സ്വപ്നങ്ങളുടെ തുടക്കം മുതല്‍ ഒടുക്കം വരെ അവനുണ്ടാകും. പലപ്പോഴും എന്നോട് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കും. അവനില്ലാത്ത സ്വപ്നങ്ങളില്‍ അവന്‍റെ സാന്നിധ്യം ഞാന്‍ തിരയാന്‍ വരെ തുടങ്ങിയിരിക്കുന്നു, അടുത്തിടെയായി.

അവന്‍ ഒരിക്കലും സ്വന്തം പേര് വെളിപ്പെടുത്തിയില്ല. ഒരു സ്വപ്നത്തിനുള്ളില്‍ എന്‍റെ ചോദ്യങ്ങള്‍ അവനെ അലോസരപ്പെടുത്തി. "ഞാന്‍ നിങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ സ്വപ്നങ്ങള്‍ ആവശ്യമുള്ളവരെ കണ്ടെത്തി ഞാന്‍ അവരുടെ കൂടെ കൂടുന്നു. ഇത് ഒരു വ്യാപാരമാണെന്നുള്ള കാര്യം മറക്കണ്ട. ഇതിനൊക്കെ പകരം നിങ്ങള്‍ എനിക്ക് ചിലതു തരേണ്ടി വരും, എന്നെങ്കിലും", അവന്‍ ഒരു വാടകക്കൊലയാളിയുടെ അളന്നുതൂക്കിയ ആലസ്യഭാവത്തില്‍ പറഞ്ഞു.

ഞാന്‍ അവനു സ്വപ്നവ്യാപാരി എന്ന് പേരിട്ടു.

അവന്‍ വഴികാട്ടിയായുള്ള സ്വപ്‌നങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും തരത്തില്‍ വിചിത്ര സ്വഭാവമുള്ളവയായിരുന്നു.

ഇന്നലെ അവന്‍ എന്‍റെ വളരെയടുത്ത സുഹൃത്ത് വിനോദിന്‍റെ മരണം ആണ് കാണിച്ചു തന്നത്. അതൊരു ആത്മഹത്യയായിരുന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തി. കാരണം വിനോദ് ഒരിക്കലും ആത്മഹത്യയെപ്പറ്റി ചിന്തിക്കില്ല എന്ന് അവനെ അടുത്തറിയാവുന്ന ആരെയും പോലെ ഞാനും വിശ്വസിച്ചിരുന്നു. പക്ഷെ ഞാന്‍ സ്വപ്നത്തില്‍ കണ്ട ആത്മഹത്യ വളരെ വിശ്വസനീയമായിരുന്നു. വിനോദിന്‍റെ കണ്ണുകളില്‍ ഒരേ നേരം മിന്നിമറഞ്ഞ നിസ്സഹായതയും തീരുമാനിച്ചുറപ്പിച്ച ഭാവവും ഒക്കെ അവന്‍ ചെയ്യുന്നത് ശരിയാണെന്ന് വരെ എന്നെ തോന്നിപ്പിച്ചു.

പ്രായമായ അച്ഛന്‍റെയും അമ്മയുടെയും ആരോഗ്യപ്രശ്നങ്ങളും പ്രതീക്ഷിക്കാത്ത സമയത്ത് ഭാര്യ തങ്ങളുടെ ഒന്നര വയസ്സുള്ള കുട്ടിയുമായി അവനെ ഉപേക്ഷിച്ച് അവളുടെ വീടിന്‍റെ സുരക്ഷിതത്വതിലെയ്ക്ക് രക്ഷപ്പെട്ടതും ഒക്കെ വിനോദിനെ വളരെയധികം അലട്ടിയിരുന്നു. പക്ഷെ അവന്‍ ഒരു ചിത്രകാരന്‍ ആയിരുന്നതിനാല്‍ ഇതൊക്കെ ഞങ്ങള്‍ സാധാരണ സംഭവങ്ങളായി മാത്രമേ കണ്ടിരുന്നുള്ളൂ. ഒരു കലാകാരന്‍ പലപ്പോഴും ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങള്‍ സ്വയം സൃഷ്ടിക്കുന്നു. അവന്‍ പിന്നെ അതിലൂടെയൊക്കെ കടന്നുപോകേണ്ടിയിരിക്കുന്നു. അതൊക്കെ അതിജീവിക്കാനുള്ള മനക്കരുത്താണല്ലോ ഒരര്‍ത്ഥത്തില്‍ കലാകാരന്മാരെ അവരുടെ ഏകാന്ത പ്രയാണങ്ങളില്‍ വേരുറപ്പിച്ചു നിര്‍ത്തുന്നത്. ഒരു പരിധി വരെ ജന്മസഹജമായ ഉത്തരവാദിത്തമില്ലായ്മ അവര്‍ക്ക് തുണയാകുന്നു എന്നും പറയാം.

ഞാന്‍ കണ്ട സ്വപ്നത്തില്‍ അവന്‍റെ അച്ഛന് അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തേണ്ടി വരുന്നതാന് പ്രധാന വിഷയം. പുലര്‍ച്ചെ ഉറക്കത്തില്‍ നിന്നും ഉണരാതിരുന്ന അച്ഛനെ ഉറക്കെ വിളിക്കുന്ന അമ്മയുടെ ശബ്ദമാണ് അവനെ ഉണര്‍ത്തുന്നത്. പൂര്‍ത്തിയാകാത്തൊരു ചിത്രത്തിനരികില്‍ ബ്രഷുമായി ഒരു രാത്രിയുടെ ഉറക്കമില്ലായ്മയിലും തീവ്രചിന്തയില്‍  മുഴുകിനില്ക്കുകയായിരുന്ന അവന്‍ അവരുടെ അടുത്തേയ്ക്ക് ഓടിയെത്തിയെങ്കിലും അമ്മ അതിനു മുന്‍പേ കുഴഞ്ഞു വീണിരുന്നു. അച്ഛന് ശ്വാസമുണ്ട്. ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങള്‍. വീട്ടില്‍ മറ്റാരുമില്ല. അവന്‍ രണ്ടുമൂന്നു സുഹൃത്തുക്കളെ വിളിക്കുന്നു, അക്കൂട്ടത്തില്‍ ഞാനുമുണ്ട്. എന്‍റെ ഫോണ്‍ അടിക്കുന്നെങ്കിലും ഞാന്‍ ഗാഢനിദ്രയില്‍ ഏതോ സ്വപ്നംകണ്ടുറങ്ങുന്നതിനാല്‍ ഒന്നും കേള്‍ക്കുന്നില്ല. എന്‍റെ മുറിയുടെ മുകളില്‍ കറങ്ങുന്ന ഫാനിന്റെ ഇടയിലൂടെ ഞാന്‍ കിടന്നുറങ്ങുന്ന ഒരു അവ്യക്ത ദൃശ്യം കണ്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ഒരു പുസ്തകവും വായിച്ച് എന്‍റെ കസേരയില്‍ അവനും ഇരിപ്പുണ്ടായിരുന്നു - സ്വപ്നവ്യാപാരി.

വീണ്ടും ഞാന്‍ വിനോദിന്റെ വീടിനുള്ളിലെ ദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങി. അമ്മയെയും അച്ഛനെയും ഒന്നൊന്നായി തറയിലൂടെ വലിച്ചിഴച്ചു കാറിനുള്ളില്‍ കയറ്റുന്ന വിനോദ്. മുഖത്ത് വെള്ളം തളിക്കുകയും ഒക്കെ ചെയ്തത്തിനു ശേഷം അമ്മയ്ക്ക് അല്‍പ്പം ബോധമുണ്ടെങ്കിലും വളരെ ക്ഷീണിതയായ അവരെ തറയിലൂടെ വലിച്ചിഴയ്ക്കുകയെ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. എടുത്തുപൊക്കിക്കൊണ്ട് പോകുക എന്നെത് അവരുടെ അമിതഭാരവും വിനോദിന്റെ മെലിഞ്ഞുണങ്ങിയ ശരീരവും കാരണം ഒരു സാധ്യതയേ അല്ലായിരുന്നു. ഏകദേശം അതെ കാരണങ്ങളാല്‍ അച്ഛനെയും അവന്‍ തറയിലൂടെ വലിച്ചിഴച്ച് കാറിനുള്ളിലാക്കുന്നു. ഈ കാര്യങ്ങള്‍ ഒരു ഹോളിവുഡ് സിനിമയിലെപ്പോലെ വിദൂരദൃശ്യങ്ങളായി ഫാസ്റ്റ് കട്ടുകളിലൂടെയാണ് ഞാന്‍ കണ്ടത്. പ്രായോഗികമായ തടസ്സങ്ങളൊന്നും അതുമൂലം എന്‍റെ ദൃഷ്ടിയില്‍ പെട്ടില്ല. പിന്നെ അവന്‍ തന്‍റെ പണിപ്പുരയില്‍ നിന്നും പകുതിയുണങ്ങിയ കാന്‍വാസും ഈസലും  ചായങ്ങളും ബ്രഷും ഒക്കെ ഡിക്കിയില്‍ വളരെ സൂക്ഷ്മതയോടെ നിറയ്ക്കുന്നു. ഇതാകട്ടെ ഓരോ സൂക്ഷ്മാംശങ്ങളും വ്യക്തമാക്കി അതിസമീപദൃശ്യങ്ങളിലൂടെ പതിയെ പുരോഗമിച്ചു.

അവന്‍റെ കാന്‍വാസില്‍ വെറും നിറങ്ങളുടെ കളിയായിരുന്നില്ല. അതില്‍ വ്യക്തമായ രൂപങ്ങളുണ്ടായിരുന്നു. ഇടതുഭാഗത്ത്‌ മുകളിലായി ഒരു കരടിയും മനുഷ്യനും ചേര്‍ന്നതുപോലെയുള്ള ജീവി, ഒത്ത നടുക്ക് തുറന്നുമലര്‍ന്ന ഒരു വലിയ കണ്ണ്, മനുഷ്യന്‍റെയോ മൃഗത്തിന്‍റെയോ ആവാം  - അതിലെ ചുവന്ന കൃഷ്ണമണികള്‍ എന്നെ തുറിച്ചു നോക്കി, പിന്നെ അതിനു താഴെ കഴുത്തറക്കപ്പെട്ട ഒരു പൂവന്‍കോഴിയുടെ ഉടലും അതിന്‍റെ തലയും, മുറിഞ്ഞ കഴുത്തിലൂടെ മുകളിലേയ്ക്ക് ചീറ്റിത്തെറിക്കുന്ന രക്തം വലതുവശത്ത് ഒരു പൂപ്പാത്രത്തിനുള്ളില്‍ പനിനീര്‍പ്പൂവുകളായി നിറയുന്നു. ഇത്രയൊക്കെയേ എന്‍റെ ഓര്‍മ്മയിലുള്ളൂ. അതും, ഉണര്‍ന്നതിനു ശേഷം ഞാന്‍ വളരെ കഷ്ടപ്പെട്ട് ഓര്‍മിച്ചെടുത്തവ.പിന്നെയും ചില ഭാഗങ്ങള്‍ കാന്‍വാസില്‍ ബാക്കിയുണ്ട്, നിറങ്ങളെ കാത്ത്.

അടുത്ത ദൃശ്യം ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു. ഒരു ശീതീകരിച്ച മുറിക്കുള്ളില്‍ വിനോദിന്‍റെ അമ്മ കണ്ണടച്ച് കിടക്കുന്നു. അവര്‍ക്ക് വലിയ കുഴപ്പമൊന്നും ഇല്ല, പക്ഷെ കുറെയധികം വിശ്രമം വേണ്ടി വരും. അച്ഛന്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഉടനെ തന്നെ കുറെയധികം പരിശോധനകളും ഒരു ശസ്ത്രക്രിയയും വേണ്ടിവരുമത്രേ. പക്ഷെ വിനോദ് അമ്മ കിടക്കുന്ന മുറിയില്‍ വളരെ ശ്രമപ്പെട്ടു കാന്‍വാസ് ഈസെലില്‍ ഉറപ്പിക്കുകയും പിന്നെ ധൃതിയില്‍ ചായങ്ങള്‍ കലര്‍ത്തുകയും ചെയ്യുകയാണ്. ആശുപത്രി ജോലിക്കാര്‍ - നേഴ്സുമാരും അറ്റെന്‍റര്‍മാരുമൊക്കെ - ഇടയ്ക്കിടെ മുറിക്കുള്ളില്‍ വന്നു എത്തി നോക്കുകയും അടക്കം പറയുകയും ചെയ്യുന്നുണ്ട്. അവര്‍ വിനോദിനോട് എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്കുള്ള പണം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന്‍ ഒന്നും മിണ്ടാതെ മുറിക്കുള്ളിലെയ്ക്ക് പോകുകയും ചിത്രകലയില്‍ മുഴുകുകയും ആണ് ചെയ്തത്.

ആദ്യമൊക്കെ വളരെ ശ്രദ്ധിച്ചു കാന്‍വാസില്‍ ബ്രഷ് ചലിപ്പിച്ച വിനോദ് പതുക്കെ ഏതോ ഭ്രാന്തന്‍ചലനങ്ങളിലേക്ക്‌ വഴുതിവീണു. അവന്‍ കതക് അകത്തുനിന്നു കുറ്റിയിടുകയും, പുറത്തു നിന്നുള്ള ചലനങ്ങളും കതകിലും ജനലിലും ഉള്ള കൊട്ടുകളും അവഗണിക്കുകയും ചെയ്തു. ബ്രഷിന്‍ തുമ്പിലൂടെ കാന്‍വാസില്‍ നിറങ്ങള്‍ വെറുതെ വന്നു നിറയുകയും അതിലുണ്ടായിരുന്ന രൂപങ്ങള്‍ മായിച്ചുകളയുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിലെവിടെയോ അവന്‍റെ അമ്മ കണ്ണ് തുറക്കുകയും പിച്ചും പേയും പറയാനും ഉറക്കെ കരയാനും തുടങ്ങുകയും ചെയ്തു. അവന്‍ തീരെ കരുണയില്ലാതെ ഒരു തലയണയുടെ ഉറ ഊരി അവരുടെ വായില്‍ തിരുകിക്കയറ്റി -  അവരുടെ ശബ്ദം ഇല്ലാതാവുകയും കണ്ണുകള്‍ തുറിക്കുകയും ചെയ്യുന്നത് വരെ.

പുറത്തുനിന്നുള്ള ബഹളം കൂടി വന്നു. മറ്റു രോഗികളുടെ കൂടെ വന്നവര്‍ കാഴ്ചക്കാരായി കൂടാനും അഭിപ്രായങ്ങള്‍ പറയാനും ഒക്കെ തുടങ്ങി. അല്‍പ്പം തുറന്ന ഒരു ജനല്‍പ്പാളിയിലൂടെ അവര്‍ നോക്കി നില്‍ക്കുമ്പോള്‍ വിനോദ് ചിത്രരചന പെട്ടെന്ന് നിര്‍ത്തി. ഒരു നിമിഷം അവന്റെ കണ്ണുകളില്‍ നിസ്സഹായതയും തീരുമാനിച്ചുറപ്പിച്ച ഒരു ഭാവവും വന്നു. അവന്‍ തന്‍റെ പോക്കെറ്റില്‍ നിന്ന് മൂര്‍ച്ച കൂടിയ ഒരു സ്വിസ്സ് നൈഫ് പുരത്തെടുത്തു. പിന്നെ ഒരു കൈവഴക്കം വന്ന കശാപ്പുകാരന്‍റെ ചലനങ്ങളോടെ സ്വന്തം കഴുത്തിലെ ഞരമ്പ്‌ മുറിച്ചു. ചീറ്റിത്തെറിച്ച രക്തം വെളുത്ത ഭിത്തിയെയും മാര്‍ബിള്‍ തറയെയും അവന്റെ കാന്‍വാസിനേക്കാള്‍ നിറമുള്ളതാക്കി. അവന്‍റെ അമ്മയുടെ കണ്ണുകള്‍ കൂടുതല്‍ തുറിക്കുകയും അവയില്‍ ഭയം വന്നു നിറയുകയും ചെയ്തു. പുറത്തുനിന്ന ആളുകളില്‍ പലരും നിലവിളിച്ചു. ചിലര്‍ ബഹളമുണ്ടാക്കി വാതില്‍ ചവിട്ടിത്തുറന്നു.

മുറിക്കുള്ളിലേക്ക് വന്ന ആളുകളെ അവസാനപിടച്ചിലില്‍ തുറിച്ചുവന്ന വിനോദിന്റെ കണ്ണുകളിലൂടെയാണ്‌ ഞാന്‍ കണ്ടത്. മുകളില്‍ നിന്ന് താഴേയ്ക്ക് നോക്കുന്ന പല മുഖങ്ങള്‍, പതിയെ കറങ്ങുന്ന സീലിംഗ്  ഫാന്‍, അമ്മയുടെ കട്ടിലിന്‍റെ കാലുകള്‍, അവ്യക്തമായ ശബ്ദങ്ങള്‍, പിന്നെ പതിയെ അവ്യക്തമാകുന്ന രൂപങ്ങള്‍. അവന്‍റെ വേദന എനിക്ക് അനുഭവിക്കാവുന്നതിലും ആപ്പുറത്തായിരുന്നിരിക്കാം, സ്വപ്നത്തിലാണെങ്കിലും.

കുറച്ചു നേരത്തേയ്ക്ക് അന്ധകാരവും നിശബ്ദതയും നിലനിന്നു. പിന്നെ എന്‍റെ കാഴ്ച തുറന്നുകിടന്ന വാതിലില്‍ നിന്നായി മാറി. വിനോദിന്റെ ശവം ഉപേക്ഷിച്ചു അവന്‍ പതിയെ എഴുന്നേറ്റു. പിന്നെ ചുറ്റുമുള്ളവരുടെ ശരീങ്ങള്‍ക്കുള്ളിലൂടെ അവന്‍ മുറി മുറിച്ചു കടന്നു, അവന്‍റെ അമ്മയുടെ വശത്തേയ്ക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ. എന്‍റെ അടുത്തെത്തിയപ്പോള്‍ അവന്‍ മുഖം തിരിച്ചു ഞങ്ങളെ നോക്കി - അതെ, ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല അവിടെ, സ്വപ്നവ്യാപാരി എന്‍റെ ഒപ്പമുണ്ടായിരുന്നു.

"നമുക്കുപോകാം", വിനോദ് പറഞ്ഞു. സ്വപ്നവ്യാപാരി ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ അവന്‍റെ ചുമലില്‍ കയ്യിട്ടു. അവര്‍ മുന്‍പേ നടന്നു, എന്നെ തീര്‍ത്തും അവഗണിച്ച്. ഞാന്‍ അവരുടെ പുറകെ ഓടിയെത്തി. നിശബ്ദവും ശൂന്യവുമായ നീളന്‍ വരാന്തയിലൂടെ ഞങ്ങള്‍ മൂവരും നടന്നു, ഒന്നും മിണ്ടാതെ.അന്തമില്ലെന്നു തോന്നിയ ആ നടത്തത്തിനൊടുവില്‍ ഞങ്ങള്‍ ആശുപത്രിക്ക് മുന്‍പിലെ ടാക്സി സ്റ്റാന്‍ഡില്‍ എത്തി. അവിടെനിന്നും ഒരു ഇന്‍ഡിക കാര്‍ വിനോദ് വിളിച്ചു. ഞാന്‍ അതില്‍ കയറാന്‍ മടിച്ചു നിന്നപ്പോള്‍ സ്വപ്നവ്യാപാരി അതിന്റെ മുന്‍വാതില്‍ തുറന്നു പിടിച്ചിട്ടു എന്നെ ദേഷ്യത്തില്‍ നോക്കി. ഞാന്‍ ഉള്ളില്‍ കയറി മിണ്ടാതെയിരുന്നു. അവര്‍ രണ്ടു പേരും ഏതോ ഒരാളുടെ മരണത്തെപ്പറ്റിയാണ് സംസാരിച്ചുകൊണ്ടിരുന്നത്. എനിക്കൊന്നും മനസിലായില്ല. പുറകിലേയ്ക്ക് നോക്കി ഞാന്‍ ഇടയ്ക്കെന്തോ ചോദിച്ചപ്പോള്‍ വിനോദ് തീരെ പ്രതികരിക്കാതിരിക്കുകയും സ്വപ്നവ്യാപാരി എന്നെ കടുപ്പിച്ചു നോക്കുകയും ചെയ്തു.

കാര്‍ എന്‍റെ വീടിന്‍റെ മുന്‍പിലാണ് നിര്‍ത്തിയത്. വിനോദ് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടിന്‍റെ മുന്‍പില്‍ എന്നോടൊപ്പം വന്നിട്ട് അവന്‍ ഇങ്ങനെ പെരുമാറിയത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ എന്‍റെ പോക്കെറ്റില്‍ താക്കോലിനായി പരതിക്കൊണ്ടിരുന്നപ്പോള്‍ എന്‍റെ ദൃശ്യം വീടിനുള്ളില്‍ നിന്നുമായി. കട്ടിലില്‍ കിടന്നുകൊണ്ട് ഞാന്‍ കറങ്ങുന്ന ഫാനിലെയ്ക്ക്നോക്കുന്നു. എന്‍റെ കാഴ്ച അവ്യക്തമാവുകയാണ്. ഞാന്‍ തലചെരിച്ചു നോക്കുമ്പോള്‍ മങ്ങിക്കൊണ്ടിരിക്കുന്ന ഒരു രൂപം കസേരയില്‍ - സ്വപ്നവ്യാപാരി. കോളിംഗ്  ബെല്ലിന്‍റെ നിര്‍ത്താതെയുള്ള ശബ്ദം, പിന്നെ അതും ഇല്ലാതാവുന്നു. അന്ധകാരം.

ബലഹീനമായ എന്‍റെ വീടിന്റെ വാതില്‍ അവര്‍ രണ്ടുപേരും കൂടെ ചവിട്ടിത്തുറന്നു. അവരോടൊപ്പം ഉള്ളില്‍ കടന്ന ഞാന്‍ അസഹ്യമായ ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്ക് പൊത്തി. അവരും അങ്ങനെ ചെയ്യന്നത് ഞാന്‍ കണ്ടു. എന്‍റെ മുറിക്കുള്ളില്‍ കടന്ന അവര്‍ സ്തബ്ധരായി നില്‍ക്കുന്നത് കണ്ടു ഞാന്‍ അവിടേയ്ക്കൊടിയെത്തി. കട്ടിലില്‍ ഒന്നുരണ്ടു ദിവസം പഴക്കം വന്ന എന്‍റെ ശവം കിടക്കുന്നു. വിനോദിന്‍റെ കഴുത്തില്‍ അവന്‍ സ്വയമേല്പ്പിച്ചത് പോലെയുള്ള ആഴത്തിലുള്ള ഒരു മുറിവ് എന്‍റെ കഴുത്തിലുമുണ്ട്. തലയിണയിലും മെത്തയിലും ഒക്കെ നിറയെ ഉണങ്ങിപ്പിടിച്ച രക്തം. വലതുകയ്യില്‍ നിന്ന് ഊര്‍ന്നിറങ്ങി ഒരു സ്വിസ്സ് നൈഫ്.

ബഹളം വച്ച് കൊണ്ട് എന്‍റെ ശവത്തിനരികിലേക്ക് നീങ്ങിയ വിനോദിനെ സ്വപ്നവ്യാപാരി പുറകിലേക്ക് പിടിച്ചു വലിച്ചുകൊണ്ട് പോയി. പിന്നെ പുറത്തു നിന്നും വാതില്‍ അടച്ചു. ആ മുറിയില്‍ ഞാനും എന്‍റെ ശവവും തനിച്ചായി. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി നില്‍ക്കുമ്പോള്‍ ഫോണ്‍ വീണ്ടുമടിച്ചു.

ഇത്തവണ ഞാന്‍ ശരിക്കും ഉണര്‍ന്നു. ഫോണിന്‍റെ അരികിലേക്ക് നീങ്ങുമ്പോള്‍ എല്ലാം സാധരനഗതിയിലായി. എന്‍റെ മുറി, പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ ഒക്കെ ഞാന്‍ ഉണര്‍ന്നിരിക്കുന്നവരുടെ ലോകത്തിലാണെന്ന്‍ ഓര്‍മ്മപ്പെടുത്തി. കസേരയില്‍ സ്വപ്നവ്യാപാരിയില്ല, എന്‍റെ ശവം കണ്ടു മുഖം പൊത്തി നില്‍ക്കുന്ന ഞാനും വിനോദും സ്വപ്നവ്യാപാരിയുമില്ല, കട്ടിലില്‍ എന്‍റെ ശവമില്ല, മെത്തയിലും തലയിണയിലും ഉണങ്ങിപ്പിടിച്ച രക്തമില്ല.

ഫോണില്‍ വിനോദായിരുന്നു. "നീ പെട്ടെന്ന് എന്‍റെ വീട്ടിലേക്ക് വാ. അച്ഛനു തീരെ സുഖമില്ല. അമ്മയ്ക്കും. പെട്ടെന്ന് ആശുപത്രിയില്‍ പോകണം. എനിക്ക് നിന്റെ സഹായം ഉടനെ വേണം."

ഞാന്‍ ഫോണ്‍ വച്ചിട്ട് ധൃതിയില്‍ ഒരുങ്ങിയിറങ്ങി.

*****

"ഞാന്‍ പറഞ്ഞില്ലേ, ഭ്രാന്തിനും സര്‍ഗാത്മകതയ്ക്കും ഇടയിലെവിടെയോ കുടുങ്ങിക്കിടക്കുകയാണ് ഇയാളുടെ മനസ്സ്. ഇപ്പോള്‍ സ്വപ്നവ്യാപാരി എന്ന സാങ്കല്പിക കഥാപാത്രത്തിനെതിരെ കോടതിയില്‍ കേസ് കൊടുക്കും എന്നൊക്കെയാണ് ഇയാള്‍ പറയുന്നത്. താന്‍ ഒരു വലിയ സിനിമാസംവിധായകന്‍ ആണെന്നൊക്കെയാണ് ആളുടെ വിചാരം. ഈ സ്വപ്നവ്യാപാരി അയാള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ സ്വപ്‌നങ്ങള്‍ പറഞ്ഞ സമയത്ത് എത്തിക്കുന്നില്ല എന്നാണ് ഇയാള്‍ പറയുന്നത്. സ്വപ്നങ്ങളില്ലാതെ ഇയാള്‍ക്ക് തിരക്കഥ എഴുതാന്‍ പറ്റില്ലത്രേ. വിനോദിന് എത്ര കാലമായി ഇയാളെ അറിയാം?"

"ഞങ്ങള്‍ സ്കൂളില്‍ ഒരുമിച്ചു പഠിച്ചതാണ് ഡോക്ടര്‍.  ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ബാംഗ്ലൂര്‍ക്ക്‌ പോയപ്പോള്‍, അവന്‍ കോയമ്പത്തൂര്‍ പോയി BDS പഠിച്ചു. പിന്നെ കുറേക്കാലം അവന്‍ സൌത്ത് ആഫ്രിക്കയിലായിരുന്നു. അവിടെ നിന്ന് പെട്ടെന്ന് തിരിച്ചു വന്നു. അപ്പോഴേ എന്തോ ഒരു മാറ്റം അവനില്‍ ഉണ്ടായിരുന്നു. അധികമാരോടും സംസാരിക്കില്ല. എന്തോ ഭയപ്പെടുത്തുന്ന അനുഭവം അവിടെ ഉണ്ടായി എന്നും മാനസികമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഒക്കെയാണ് വീട്ടുകാര്‍ പറഞ്ഞത്. പിന്നെ അവര്‍ അവനെ വിവാഹം കഴിപ്പിച്ചു. അതിനു ശേഷം ചെറിയ ചില നല്ല മാറ്റങ്ങള്‍ ഉണ്ടായതു പോലെ ഞങ്ങള്‍ക്ക് തോന്നി. പക്ഷെ പെട്ടെന്നൊരു ദിവസം അവന്‍ ഒരു ചിത്രകാരന്‍ ആണെന്ന രീതിയില്‍ പെരുമാറാന്‍ തുടങ്ങി. ദിവസവും അര്‍ത്ഥമില്ലാതെ എന്തൊക്കെയോ വരച്ചു കൂട്ടി. അതിനുള്ള സാധനസാമഗ്രികള്‍ വാങ്ങി കുറെ പണം വെറുതെ കളഞ്ഞു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ പിണങ്ങി ഒന്നര വയസ്സുള്ള കുട്ടിയുമായി അവളുടെ വീട്ടിലേയ്ക്ക് പോയി."  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ